സഹകരണ – വിദ്യാഭ്യാസ – കായിക മേഖലകളിൽ ദീർഘവീക്ഷണം ഉണ്ടായിരുന്ന ശ്രീ.എം.എം അബ്ദുൾ റഹിമാൻ IPS ന്റെ നേതൃത്വത്തിൽ 1980 ൽ രൂപീകരിക്കപ്പെട്ട കൊച്ചിൻ കോർപ്പറേഷൻ കോ-ഓപ്പറേറ്റീവ് ബാങ്ക് 1982 ൽ കൊച്ചിൻ സർവ്വീസ് സഹകരണ ബാങ്ക് ആയി പുനർനാമകരണം ചെയ്തു.111 പേരിൽ നിന്ന് 52,925 രൂപ ഓഹരി മൂലധനം സ്വരൂപിച്ച് എറണാകുളം മാർക്കറ്റ് റോഡിലെ വാടക കെട്ടിടത്തിൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. എറണാകുളം മാർക്കറ്റിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കച്ചവടം നടത്തിയിരുന്ന സാധാരണക്കാരായവർക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമല്ലാതിരുന്ന ആ കാലഘട്ടത്തിൽ, കൊച്ചിൻ സർവ്വീസ് സഹകരണ ബാങ്ക്(CSCB) അവർക്ക് വായ്പകൾ നൽകി. അക്കൗണ്ട് ഉടമകളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചും വായ്പകൾ നൽകിയും ബാങ്കിന്റെ പ്രവർത്തനം മുന്നോട്ടുപോയി. ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1988 ൽ എറണാകുളം നോർത്തിലെ കലാഭവന് സമീപമുള്ള വാടക കെട്ടിട്ടത്തിലേക്ക് ബാങ്കിന്റെ ഓഫീസ് മന്ദിരം മാറ്റി സ്ഥാപിച്ചു.
ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ശ്രീ.എം.എം അബ്ദുൾ റഹിമാൻ IPS ന്റേയും ഭരണ സമിതി അംഗങ്ങളുടേയും നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ ഫലമായി എറണാകുളം കലൂർ മണപ്പാട്ടിപ്പറമ്പിൽ 27 ലക്ഷം മുതൽ മുടക്കി14.028 സെന്റ് സ്ഥലം ബാങ്ക് സ്വന്തമായി വാങ്ങി. ബാങ്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 01.01.2000 ൽ അഡ്വ: എം.ഇ അബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.എം.അബ്ദുൾ റഹിമാൻ IPS നിർവ്വഹിച്ചു. കോ-ബാങ്ക് ടവർ എന്ന പേരിൽ126 ലക്ഷം രൂപ മുതൽ മുടക്കി പുതുതായി പണിത ഹെഡ് ഓഫിസ് മന്ദിരം 28.01.2002 ൽ സംസ്ഥാന ഫിഷറീസ്-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന പ്രൊഫ: കെ.വി.തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ-തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.എം.വി രാഘവൻ ഉദ്ഘാടനം ചെയ്തു.
3788 എ ക്ലാസ്സ് അംഗങ്ങളും 9 ബി ക്ലാസ്സ് അംഗങ്ങളും 4466 സി ക്ലാസ്സ് അംഗങ്ങളുമാണ് ബാങ്കിൽ ഉള്ളത്. ഇതിനു പുറമെ 30 കോടി രൂപയുടെ നിക്ഷേപം ബാങ്കിൽ ഉണ്ട്. നാളിതുവരെ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ബാങ്ക് വായ്പ സ്വീകരിച്ചിട്ടില്ല.10.08.2001 ൽ മട്ടാഞ്ചേരിയിൽ പ്രഥമ ശാഖയുടെ പ്രവർത്തനം തുടങ്ങി.6 സ്ഥിരം ജീവനക്കാർ ബാങ്കിലുണ്ട്. കമ്മീഷൻ വ്യവസ്ഥയിൽ 3 ജീവനക്കാരും ബാങ്കിൽ സേവനം അനുഷ്ഠിക്കുന്നു.2017 ൽ ബാങ്കിന്റെ ഹെഡ് ഓഫിസ് മന്ദിരത്തിന്റെ കെട്ടിടത്തിൽ കോ-ബാങ്ക് പബ്ലിക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ബാങ്കിന്റെ ആരംഭകാലം മുതൽ പ്രസിഡന്റായിരുന്ന ശ്രീ.എം.എം അബ്ദുൾ റഹിമാൻ ഐപിഎസ് ന്റെ കാഴ്ചപ്പാടും സംഘടനാപാടവവും നേതൃഗുണവും ബാങ്കിനെ പുരോഗതിയിലേക്ക് നയിച്ചു. അദ്ദേഹം പ്രസിഡന്റായിരുന്ന 40 വർഷക്കാലം മൽസരമില്ലാതെയാണ് ഭരണസമിതികൾ നിലവിൽ വന്നത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലുള്ള ബാങ്കിന്റെ ആദ്യ തെരെഞ്ഞെടുപ്പ് 28.05.2022 ൽ നടന്നു. തെരെഞ്ഞെടുപ്പിന് ശേഷം ശ്രീ.എം.എ ഹാരിസ് റഹ്മാൻ പ്രസിഡന്റായും ശ്രീ.പി.എസ് ആഷിക്ക് സെക്രട്ടറിയായും ഭരണ സമിതി നിലവിൽ വന്നു. ‘ എം.എം അബ്ദുൾ റഹിമാൻ മെമ്മോറിയൽ കോ-ബാങ്ക് ടവർ ‘ എന്ന പേരിൽ നവീകരിച്ച ബാങ്ക് ഹെഡ് ഓഫിസ് മന്ദിരത്തിന്റേയും പുതിയതായി പണികഴിപ്പിച്ച ” എം.എം അബ്ദുൾ റഹിമാൻ മെമ്മോറിയൽ ഹാളിന്റേയും” ഉദ്ഘാടനം 28.04.2023 ൽ സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രി. വി.എൻ വാസവൻ നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ.ടി.ജെ വിനോദ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു
അംഗങ്ങളുമായുള്ള ദൃഢബന്ധം കാത്തുസൂക്ഷിച്ചു കൊണ്ടും ബാങ്കുമായി ബന്ധപ്പെട്ട് കിടക്കുന്ന ഓരോ മേഖലയിലും മികവ് പുലർത്തിക്കൊണ്ടും ബാങ്കിന്റെ പ്രവർത്തനം പുരോഗതിയിലേക്ക് നീങ്ങുന്നു.